ഇന്നലെ രാത്രി ഉറക്കം വരാതെ കിടക്കയില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നപ്പോളാണ് പുതിയ കഥയുടെ ഒരു ആശയം വന്നത്..
കഥ എപ്പോളും നമ്മുടെ ജീവിതത്തില്‍ നടന്നതോ അല്ലെങ്കില്‍ നമുക്ക് ചുറ്റും നടന്നതോ ആവണം.. യഥാര്‍ത്ഥ ജീവിതത്തെ നേരിട്ട് അറിഞ്ഞവര്‍ ആയിരിക്കണം കഥാകാരന്‍ അല്ലെങ്കില്‍ കഥാകാരി.
വരാന്തയിലൂടെ നിലാവിന്റെ നേര്‍ത്ത പ്രകാശത്തില്‍ സിഗരറ്റും പുകച്ചു മെല്ലെ നടന്നപ്പോള്‍ മൊബൈല്‍ ശബ്ദിച്ചു..
" എനിക്കൊരു നിലാവിന്റെ സ്നേഹം മതീ.. മുളം കാടിന്റെ പാട്ടും... കുളിരും മതീ.. "
രതീഷാണ്.. ഞാന്‍ ഉറങ്ങിയിട്ടില്ല എന്ന് അവന്‍ കണ്ടു പിടിച്ചു കഴിഞ്ഞു.. സിഗരട്ട് വലിച്ചു കഴിഞ്ഞു മുറിയില്‍ വന്നപ്പോളേക്കും ലാപ്ടോപ് ഓണായിരുന്നു.. അവനു പിടികിട്ടി ഞാന്‍ ബ്ലോഗില്‍ പണിയാന്‍ പോകുകയാണെന്ന്..
അപ്പോളാണ് ഞാന്‍ ടെസ്ക്ടോപ്പിലെ ആ ചിത്രത്തില്‍ സൂക്ഷിച്ചു നോക്കിയത്..
മൈക്കും പിടച്ചു പാടുന്ന ഒരു ചെറുപ്പക്കാരന്‍.. അവനെ നോക്കി നില്‍ക്കുന്ന ഒരു പെണ്‍കുട്ടി..എനിക്ക് ഉറങ്ങാന്‍ കഴിയാത്തതിനെ കാരണം ഇപ്പോളല്ലേ പിടികിട്ടിയത്..
അനന്തുവും, അമ്മാളുവും എന്നില്‍ ഒരു വേദനയായി പതിഞ്ഞിട്ടു കുറച്ചു നാളുകള്‍ ആയിരിക്കുന്നു.. അവരെ എത്രയും പെട്ടെന്ന് ഒന്നിപ്പിക്കണം.. സ്നേഹിക്കുന്ന മനസ്സുകളെ തമ്മില്‍ ഒന്നിപ്പിക്കുന്നത് ദൈവഹിതം ആണെന്നല്ലേ വിശ്വാസം..
അവരെ പറ്റി ഒന്നും നിങ്ങളോട് പറഞ്ഞില്ലല്ലോ.. അനന്തു എന്ന അനന്ത പദ്മനാഭന്‍ പ്രശസ്തമായ ഒരു നമ്പൂതിരി കുടുംബത്തിലെ ഇളയ മകന്‍ ആണ്..
നഗരത്തിലെ ഒരു പ്രശസ്തമായ ഹോസ്പിറ്റലില്‍ പി ആര്‍ ഓ ആണവന്‍.. കാണാന്‍ സുന്ദരന്‍.. പിന്നെ നന്നായി പാടും..
പലവട്ടം ഞാന്‍ അവനെ പല പ്രോഗ്രാമ്മ്സിലും കണ്ടിട്ടുണ്ടങ്കിലും അധികം സംസാരിക്കാന്‍ സാധിച്ചിട്ടില്ല.. കണ്ടാല്‍ ഒന്ന് ചിരിക്കും.. പിന്നെ ചെറിയ ചില കുശലാന്യോഷണങ്ങള്‍...അത്രമാത്രം..
ഒരിക്കല്‍ സ്നേഹസദനം എന്ന അനാഥാലയത്തിന്റെ വാര്‍ഷികത്തിന് അവരുടെ ധന ശേഖരനാര്‍ഥം ഒരു മ്യുസിക്കല്‍ ഡാന്‍സ് ഷോ സംഘടിപ്പിച്ചു..
പ്രശസ്ത സിനിമാ താരങ്ങളും പിന്നണി ഗായകരും പങ്കെടുത്ത ആ പരിപാടിയുടെ അവതാരകനായി ഞാന്‍ വന്നപ്പോളാണ് അനന്തുവിനെ കൂടുതല്‍ അറിഞ്ഞത്.. മിഴികളില്‍ സദാ വിഷാദ ഭാവം അവനു ഒട്ടും ചേരില്ലായിരുന്നു... ഇടയ്ക്കു സംസാരത്തില്‍ ഞാന്‍ അതു അവനോടു പറയുകയും ചെയ്തു..
ഒരു ചെറിയ ചിരിയില്‍ അതിനു മറുപടി പറഞ്ഞു അവന്‍ പാടാനായി നടന്നു..
ആ കൂട്ടത്തില്‍ കാണാന്‍ സുന്ദരിയായ ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു..വലിയ കണ്ണുകളും നീളന്‍ മുടിയുമായി അല്പം വെളുത് കൊലുന്നനെ ഉള്ള ആ പെണ്‍കുട്ടിയെ ആരായാലും ഒന്ന് നോക്കി പോകും.. ഇടക്ക് എന്റെ ശ്രദ്ധയും പലവട്ടം അവളില്‍ ഉടക്കി നിന്ന്.. ചുവന്ന അധരങ്ങള്‍ ,ചിരിക്കുമ്പോള്‍ ചുവക്കുന്ന കവിള്‍ത്തടം... നീണ്ട മൂക്ക്... വെറുതെ ഒരു രസത്തിനു അവളെ തന്നെ നോക്കിനിന്നപ്പോള്‍ മാളവിക കുറെ കളിയാക്കി..
അപ്പോളാണ് ഞാനത് ശ്രദ്ധിച്ചത്.. അവള്‍ സംസാരിക്കുന്നില്ല. പകരം ആന്ഗ്യങ്ങളിലൂടെ ആണ് ആശയ വിനിമയം...
അനന്തു അവളോട് ആന്ഗ്യ ഭാഷയിലൂടെ സംസാരിക്കുന്നു... അവര്‍ രണ്ടു പേരും കുറെ നേരം ആ ഭാഷയില്‍ സംസാരിച്ചു... ഞാന്‍ അവരറിയാതെ അത് ശ്രദ്ധിച്ചിരുന്നു..
പരിപാടി കഴിഞ്ഞു പോകാന്‍ നേരം എനിക്ക് മനസ്സിലായി.. അവള്‍ സ്നേഹ സദനത്തിലെ ഒരു അന്തേവാസി ആണ്.. അനന്തുവിന്റെയും അവളുടെയും അടുപ്പം കണ്ടിട്ട് ഒരു പ്രണയ നിലാവ് പൊട്ടി വിരിയുന്നോ എന്ന തോന്നല്‍..
കാറില്‍ കയറാന്‍ തുടങ്ങിയപ്പോള്‍ അനന്തു ഒരു ബാഗും തൂക്കി നടക്കുന്നത് കണ്ടു.. ഒരു ലിഫ്റ്റ് ഓഫര്‍ ചെയ്തപ്പോ അവന്‍ എന്റെ ഒപ്പം കാറില്‍ കയറി.. പഴയ ആ അപരിചിതത്വം ഞങ്ങള്‍ക്കിടയില്‍ ഇല്ലാതായിരുന്നു..
സംസാരത്തിനിടയില്‍ ഞാന്‍ മെല്ലെ ആ പെണ്‍കുട്ടിയുടെ വിഷയത്തിലേക്ക് കടന്നപ്പോള്‍ പെട്ടെന്നായിരുന്നു അവന്റെ മറുപടി..
അവള്‍ അമല .. എന്റെ അമ്മാളു... അനാഥയാണ്..സംസാര ശേഷി ഇല്ലാത്ത ഒരു പാവം പെണ്‍കുട്ടി.. സ്നേഹ സദനത്തില്‍ കഴിഞ്ഞ ഇരുപതു വര്‍ഷമായി താമസിക്കുന്നു... അവിടെ ബധിരരും മൂകരുമായ കുട്ടികളെ അവളാണ് നോക്കുന്നത്... ഹോസ്പിറ്റലിലെ ഹെല്പ് സെന്റെര്‍ വഴി അവിടെ ചില കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ അവളുമായി അടുത്ത്.. ആദ്യം ആദ്യം അവളോട് സഹതാപമോ അനുകമ്പയോ ഒക്കെ ആയിരുന്നു.. പിന്നീട് ഭാഷകള്‍ അതിര്‍ വരംബില്ലാതെ മാറിയപ്പോള്‍ അത് പ്രണയത്തിന്റെ ആരംഭമായി.. ഇപ്പോള്‍ പിരിയാന്‍ വയ്യാത്ത തരത്തില്‍ കെട്ടു പിണഞ്ഞു പോയിരിക്കുന്നു... തല പോക്കുന്ന വിഷയങ്ങള്‍ ഉഹിക്കാവുന്നതെ ഉള്ളു.. ജാതി, മതം, കുടുംബ മഹിമ.. ഇതൊക്കെ അനന്തുവിന്റെ വീട്ടില്‍ നിന്നും തല പോക്കും.. തീര്‍ച്ച..
ഒരു പോംവഴി കാത്തിരിക്കയാണ് ഇരുവരും...
അനന്തുവിനോട് എനിക്ക് എന്തെന്നില്ലാത്ത ഒരു ആരാധനയും ബഹുമാനവും ഒക്കെ തോന്നി.. ഇറങ്ങാന്‍ നേരം അനന്തുവിനോട് നാളെ കാണണം എന്ന് പറഞ്ഞു..
പിറ്റേന്ന് അവനെയും കൂട്ടി ഞാന്‍ സ്നേഹ സദനത്തില്‍ പോയി.. സ്നേഹ സിസ്റെരിന്റെ അനുവാദത്തോടെ അമ്മാളുവിനോടും അനന്തുവിനോടും ഒപ്പം കുറച്ചു നടന്നു...
ആ മിണ്ടാപ്രാണി അവളാല്‍ ആകുന്ന വിധത്തില്‍ അവളുടെ കണ്ണുനീര്‍ കലര്‍ന്ന ഭാഷയിലൂടെ എന്നോട് അവളുടെ സ്നേഹത്തെ പറ്റി വിവരിച്ചു തന്നു..
എന്നിലെ ശക്തി എല്ലാം എവിടെയോ പൊയ് പോകുന്നു.. എന്റെ മനസ്സിനെ പിടിച്ചു കെട്ടാന്‍ എനിക്കാവില്ല..
അവിടെ നിന്നും തിരികെ പോരുമ്പോള്‍ ശക്തമായ ചില തീരുമാനങ്ങള്‍ ഞാന്‍ എടുത്തിരുന്നു.. ചിലപ്പോള്‍ ഒരു സമൂഹം മുഴുവന്‍ നാളെ എന്നെ ഒറ്റപ്പെടുത്തിയെക്കാം. എന്നാലും..ഞാന്‍ ഒരു തീരുമാനം എടുത്തു...
......................................................................................
ഇന്ന് വീണ്ടും ഞാന്‍ ടെസ്ക്ടോപ്പിലെ ആ ചിത്രത്തില്‍ സൂക്ഷിച്ചു നോക്കി... അനന്തുവും അമ്മാളുവും ചിരിച്ചു നില്‍ക്കുന്ന കല്യാണ ഫോട്ടോ. ഞാനും, രതീഷും, സിസ്റ്റെരും, പിന്നെ ചില അടുത്ത സുഹൃത്തുക്കളുടെയും മാത്രം സാന്ന്യിധ്യത്തില്‍ അനന്തുവിന്റെ സ്വന്തമായി അമ്മാളു.. ഞങ്ങള്‍ ഒരുക്കിയ ഒരു കൊച്ചു വീട്ടിലേക്കു വലതുകാല്‍ വച്ചു കയറിയ അവരെ അനുഗ്രഹിക്കാന്‍ അനന്തുവിന്റെ അച്ഛനും അമ്മയും ഉണ്ടായിരുന്നു.. പരസ്യമായി അവര്‍ക്ക് അവനെ പിന്തുണക്കാന്‍ സാധിക്കുമായിരുന്നില്ല.. എന്നാലും സമാധാനമായി.. അവിടുന്ന് ഇവിടുന്നും എല്ലാം ചില്ലറ പൊട്ടിത്തെറികള്‍ എനിക്ക് കിട്ടുന്നുണ്ട് ഇതിന്റെ പേരില്‍ ഇന്നും.. എങ്കിലും, അമ്മലുവിന്റെ മുഖത്തെ ആ നിഷ്കളങ്കമായ ചിരി കാണുമ്പോള്‍ എല്ലാം ഞാന്‍ ചിരിച്ചു തളളും..
ഇനിയും എത്ര മുന്നോട്ടു പോകാന്‍ കിടക്കുന്നു.. എന്തെല്ലാം കാണാനും കേള്‍ക്കാനും അനുഭവിക്കാനും ഇരിക്കുന്നു..അവയൊക്കെ ഈ ബ്ലോഗില്‍ ഇടാന്‍ ഇനിയും എത്ര എത്ര രാത്രികള്‍ ഉറക്കം കളഞ്ഞു ഇരിക്കണം..
ദാ, രാവിലെ ഏഴു മണിക്ക് ലൊക്കേഷനില്‍ എത്തണം,അത് കൊണ്ട് കിടന്നുറങ്ങാന്‍ നോക്ക് എന്ന രതീഷിന്റെ മെസ്സേജ് മൊബൈലില്‍ വന്നു കഴിഞ്ഞു.. പ്രിയ വായനക്കാരെ.. ഇനിയും മുന്നോട്ടു നീങ്ങാന്‍ എനിക്ക് നിങ്ങളുടെ പ്രാര്‍ഥനയും അനുഗ്രഹവും വേണം.. അതുണ്ടാവും എന്ന പ്രതീക്ഷയോടെ,
നിര്‍ത്തട്ടെ..
ശുഭ രാത്രി...